ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി പ്രതിഷേധം തുടരുന്നതിനിടെ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) ഡയറക്ടര്‍ ജനറല്‍ അഭിഷേക് സിംഗ് ഉൾപ്പെടെയുള്ളവർ പാര്‍ലമെന്ററി സമിതിക്കു മുന്നില്‍ ഹാജരായി.
മെഡിക്കല്‍ പ്രവേശനപരീക്ഷ റദ്ദാക്കാനിടയാക്കിയ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങളാണ് പാര്‍ലമെന്ററി സ്ഥിരംസമിതി ഉന്നയിച്ചത്. എന്നാല്‍, നീറ്റ് പരീക്ഷാപേപ്പര്‍ തങ്ങളുടെ സംവിധാനത്തിൽനിന്ന് ചോര്‍ന്നിട്ടില്ലെന്ന് അഭിഷേക് സിംഗ് പാർലമെന്ററി സമിതിയോടു വ്യക്തമാക്കി.
പ്രതിപക്ഷ അംഗങ്ങളുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്കിടയിലും നിലവില്‍ ഈ വിഷയം സിബിഐ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന നിലപാടില്‍ അദ്ദേഹം ഉറച്ചുനിന്നു.
സിബിഐ അന്വേഷണം പൂര്‍ത്തിയാക്കി ഔദ്യോഗികമായി സ്ഥിരീകരിച്ചാല്‍ മാത്രമേ ഇതിനെ ചോദ്യപേപ്പര്‍ ചോര്‍ച്ചയായി ഏജന്‍സി അംഗീകരിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി. മുന്‍കാലങ്ങളിലുണ്ടായ ചോദ്യപേപ്പര്‍ ചോര്‍ച്ചാ ആരോപണങ്ങളെക്കുറിച്ചും സമിതിയിലെ അംഗങ്ങള്‍ എന്‍ടിഎയോട് ചോദ്യങ്ങള്‍ ഉന്നയിച്ചു.
കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷി, എൻടിഎ ചെയർപേഴ്സൺ പ്രദീപ്കുമാർ ജോഷി, എൻടിഎ ഡയറക്ടർ ജനറൽ അഭിഷേക് സിംഗ് എന്നിവരെയാണു പാർലമെന്ററി സമിതി വിളിച്ചുവരുത്തിയത്. മൂന്നു മണിക്കൂറോളം യോഗം നീണ്ടു. സിബിഐ അന്വേഷണറിപ്പോർട്ട് പാർലമെന്ററി സമിതിക്കു മുന്‍പാകെ സമർപ്പിക്കണമെന്ന് ഏതാനും പ്രതിപക്ഷ എംപിമാർ ആവശ്യപ്പെട്ടു.
എന്നാൽ, ബിജെപി അംഗങ്ങൾ ഇതിനെ എതിർത്തു. സിബിഐ സ്വതന്ത്ര സംവിധാനമാണെന്നും അവരുടെ ജോലി ചെയ്യാൻ അനുവദിക്കണമെന്നും ബിജെപി എംപിമാർ പറഞ്ഞു. കോൺഗ്രസ് എംപി ദിഗ്വിജയ് സിംഗാണു പാർലമെന്ററി സമിതി അധ്യക്ഷൻ. ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് റദ്ദാക്കിയ പരീക്ഷ ജൂൺ 21ന് വീണ്ടും നടത്തും.